Friday, June 30, 2006

എന്റെ കൃഷ്ണേട്ടന്‍...

ചതുപ്പു നിലങ്ങളില്‍ ചവിട്ടാതെ, അതിനു മുകളില്‍ വരിവരിയായി പാകിയ കല്ലുകളില്‍ കാലമര്‍ത്തി,മുന്‍പോട്ട് പോകാന്‍ എനിക്ക് കൊതിയാണ്. കൃഷ്ണേട്ടനും ഇതുതന്നെയാണിഷ്ടം. എന്നെ വേളികഴിക്കണതിനു മുന്‍പ്, കൃഷ്ണേട്ടനെക്കണക്ക് ഒരാളെ ഞാന്‍ ഒരിക്കലും സങ്കല്പിച്ചിട്ടുണ്ടായിരുന്നില്ല. എന്തോ, ക്യാമ്പസ്സിലെ പ്രണയമില്ലായ്മ ആവാം കാരണം. പ്രണയം ഇല്ലായിരുന്നു എന്ന് തീര്‍ത്തും പറഞ്ഞുകൂടാ, എങ്കിലും, “എവിടെ നോക്കിയാലും കാണാം...” എന്ന് പറയണ മാതിരി ഒരാളെയും മനസ്സില്‍ കൊണ്ട് നടന്നിരുന്നില്ല.
കല്യാണം കഴിഞ്ഞ സമയത്ത് എനിക്ക് കൃഷ്ണേട്ടനെ ഒരുപാടിഷ്ടാരുന്നു. ഇപ്പോഴുമിഷ്ടമാണ് കേട്ടോ, എങ്കിലും, ഉണ്ണി വന്നതില്‍ പിന്നെ കൃഷ്ണേട്ടനെ ഇഷ്ട്പ്പെടാന്‍ തീരെ സമയമില്ലാണ്ടായിരിക്കണ്. മൂപ്പര്‍ക്കും സമയം തീരെ ഇല്ലാണ്ടായിരിക്കണ്. ഉണ്ണിയുടെ കളിപ്പാട്ടവും കരച്ചിലുകളും നല്ല വ്യത്യാസം ഉണ്ടാക്കിയിരിക്കണു ജീവിതത്തില്.
ചായകുടി കഴിഞ്ഞാല്‍ പത്രത്തിലേക്ക് കണ്ണും നട്ടിരിക്കും കൃഷ്ണേട്ടന്‍. ഞായറാഴ്ചകളില് തുണിയൊക്കെ കഴുകാന്‍ എടുക്കുമ്പോള്‍ പലപ്പോഴും കൃഷ്ണേട്ടന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍ നിന്നു മിഠായി കിട്ടാറുണ്ട്. എനിക്കുവേണ്ടി വാങ്ങിവരുന്നതാണത്ത്രേ! അതുകൂടി കൃഷ്ണേട്ടന്‍ മറക്കും. ചോദിക്കുമ്പോള്‍ ഒന്നും മിണ്ടില്ല, നില്‍ക്കുകയാണെങ്കില്‍ നെറ്റികൊണ്ട് എന്റെ നെറ്റിക്കൊരു മുട്ട് തരും. ചിരിച്ച് കൊണ്ട് അകത്തേക്ക് പോകുന്നതല്ലാതെ ഞാനൊന്നും പറയാന്‍ നിക്കില്ല.
എന്നെ മരമണ്ടീന്നു വിളിച്ച് കളിയാക്കും ചിലപ്പോള്‍. മേധ പട്കര്‍ ഒരു പലഹാരമാണെന്ന് ഞാന്‍ പറഞ്ഞത്രെ! വെറുതേ, ഇടക്ക് കൈയ്യീന്നിട്ട് എനിക്കിട്ടൊന്ന് വെക്കും ഈ കൃഷ്ണേട്ടന്‍.
പക്ഷെ, ഒന്നു പറയണമല്ലോ, എന്തിനും എന്റെ കൈയ്യൊന്ന് ചെല്ലണം. ഓഫിസ്സില് പോകാന്‍ നേരം സോക്സ് തപ്പിനടക്കും; വിളികേള്‍ക്കുമ്പോഴേ എനിക്കറിയാം.
ചിലപ്പോള്‍ ഞങ്ങള്‍ തന്നില്‍ പിണങ്ങും. മിണ്ടില്ല ഞാന്‍. ഓഫിസ്സിലെ കാര്യങ്ങള്‍ ഒക്കെ വന്നു പറയുമ്പോഴും അനങ്ങില്ല ഞാന്‍. ചായ എടുത്ത് മേശപ്പുറത്ത് വയ്ക്കും. ഷര്‍ട്ട് ഇസ്തിരിയിട്ട് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറയുമ്പോഴെ മൂപ്പര്‍ക്ക് എന്റെ പിണക്കം മനസ്സിലാകും. അത്തരം ദിവസങ്ങളിലൊക്കെ എന്റെ സ്വന്തം കൃഷ്ണന്‍‍ എന്നെ കാണാന്‍ വരും...
എനിക്കും ആ കൃഷ്ണണനെ ഒരുപാടിഷ്ടാ. ഓഫിസ്സും തിരക്കുമൊക്കെ ആയതുകൊണ്ടാവാം, മൂപ്പരേയും പലപ്പോഴും കാണാറില്ല.
“നന്ദിനീ‍... “ ദേ വിളിക്കണ്, കൃഷ്ണേട്ടന്‍ ഓഫിസ്സില്‍ നിന്നു വന്നിരിക്കണ്. ഇന്ന് ശമ്പളം കിട്ടിയ ദിവസമാണെ, മൂപ്പരു സന്തോഷത്തിലാണ്...ദേ, ഇന്ന് ചിലപ്പോള്‍ എന്റെ കൃഷ്ണന്‍ വരും...

Monday, June 26, 2006

ദിവ്യേടത്തി

മുന്‍പില്‍ നിവര്‍ത്തിവെച്ച വെള്ളക്കടലാസിലേക്കു നോക്കി നവനീത് വെറുതേയിരുന്നു. എന്തൊക്കെയോ കുറിക്കണമെന്നു തോന്നിയെങ്കിലും, ജനലഴികളിലൂടെ പുറത്തേക്കു നോക്കി അയാള്‍ പലതും ചിന്തിച്ചുകൊണ്ടിരുന്നു.
തന്റെ മുറിയിലേക്കു ആരാണ് കടന്നു വരുന്നതെന്നൂഹിക്കാന്‍ നവനീതിന് അധികം പ്രയാ‍സപ്പെടേണ്ടിവന്നില്ല. പാദസ്വരങ്ങളുടെ കിലുക്കം...ദിവ്യേടത്തി തന്നെ...പാദസ്വരങ്ങളുടെ പിന്നാലെ ദിവ്യേടത്തിയും മുറിയിലേക്ക് വന്നതോടെ, ഇനീ തന്റെ മുന്‍പിലിരിക്കുന്ന വെളുത്ത പേപ്പറില്‍ ഒരു വരിപോലും കുറിക്കാനാവില്ലെന്നു നവനീത് ഉറപ്പിച്ചു.
“നീ ഇവിടിരിക്ക്യാ...? അമ്മ തിരക്കണ് നിന്നെ...നീ വന്നിട്ടില്ല്യാന്ന് കരുതി ഞാന്‍...”
മേശക്ക് മുകളിലില്‍ നിരന്നു കിടന്ന നാലഞ്ച് ഇന്‍ലന്റ് കത്തുകള്‍ അടുക്കി വെച്ച് ദിവ്യേടത്തിക്കു നേരെ തിരിയുമ്പോള്‍ , എഴുതാന്‍ നിവര്‍ത്തിവച്ചിരുന്ന വെള്ളക്കടലാസ് കൂടി മടക്കി വെക്കാന്‍ നവനീത് മറന്നില്ല...
ദിവ്യേടത്തി ഒന്നും മിണ്ടാതെ തന്റെ മേശപ്പുറത്തേക്ക് നോക്കുന്നത് നവനീത് ശ്രദ്ധിച്ചു. പാദസ്വരം കിലുക്കി ദിവ്യേടത്തി നവനീതിന്റെ മേശയുടെ സമീപം വന്നു. അടുക്കി വെച്ചിരുന്ന ഇന്‍ലന്റും മടക്കി വെച്ചിരുന്ന കടലാസും ദിവ്യേടത്തി കൈയ്യിലെടുത്തിട്ടും നവനീത് ഒന്നും മിണ്ടിയില്ല.
കൈയ്യിലിരുന്ന വെളുത്ത കടലാസും ഇന്‍ലന്റുകളും ഇരുകൈകളിലായ് മുറുകെ പിടിച്ച്, നീലക്കടലാസുകൂട്ടങ്ങള്‍ ശക്തിയായി ചുളുക്കി കളയാന്‍ തുടങ്ങിയതു നവനീത് കണ്ടു. ചുരുണ്ടുകൂടുന്ന നീല ഇന്‍ലന്റ് കടലാസുകള്‍ കീറാനുള്ള ശ്രമത്തിനിടയില്‍ ദിവ്യേടത്തി കിതച്ചു...കണ്ണുകള്‍ മിഴിച്ച്, ശക്തമായ ഏക്കത്തൊടെ നീല ഇന്‍ലന്റ് കടലാസുകള്‍ വലിച്ചു കീറിക്കൊണ്ടിരുന്ന ദിവ്യേടത്തിയുടെ കണ്ണുകളില്‍ നിന്ന് നീര്‍‌ചാലുകള്‍ ഒഴുകിത്തുടങ്ങിയതും നവനീതിനെ ഒട്ടും പരിഭ്രമിപ്പിച്ചില്ല.
കടലാസുകള്‍ ഒരൊന്നായി കീറിത്തുടങ്ങിയപ്പൊള്‍ ദിവ്യേടത്തി അലറി...
മുറിമുഴുവന്‍ നിറഞ്ഞ അലര്‍ച്ചക്കൊടുവില്‍ മുടിയഴിഞ്ഞ് ദിവ്യേടത്തി നിലത്ത് വീണു. തുണ്ടം തുണ്ടമാക്കിയ നീല കടലാസുകഷണങ്ങള്‍ നിലത്ത് നിന്നു പെറുക്കിയെടുക്കുമ്പോള്‍ നവനീതീന്റെ കണ്ണ് നിറഞ്ഞിരുന്നു.
ഇനീ, കഴിഞ്ഞ ദിവസത്തേപ്പൊലെ അമ്മ വരും. ദിവ്യേടത്തിയെ എടുത്തു കട്ടിലില്‍ കിടത്തും.
ദിവ്യേടത്തിയെ താങ്ങി നടക്കുമ്പോള്‍ നവനീതും അമ്മയും ഒന്നും മിണ്ടിയില്ല.
തിരികെ, മുറിയിലേക്കു വന്ന നവനീത് കസാല വലിച്ചിട്ട് മേശമേല്‍ കൈയ്യൂന്നി വെറുതെ ഇരുന്നു.ഒരു വെളുത്ത കടലാസ് കൈയ്യിലെടുത്ത് അയാള്‍ എഴുതിത്തുടങ്ങി.
ദിവ്യേടത്തിയെപ്പറ്റി, ദിവ്യേടത്തി എഴുതിയിരുന്ന കഥകളെക്കുറിച്ച്, കവിതകളെക്കുറിച്ച്, കത്തുകളെക്കുറിച്ച്,...ദിവ്യേടത്തിക്കു ദിവസം തോറും ലഭിച്ചുകൊണ്ടിരുന്ന നീല ഇന്‍ലന്റ് കത്തുകളെ കുറിച്ച്....

വിസ്മൃതികള്‍ക്കുമിപ്പുറത്ത്...
എഴുതാപ്പുറങ്ങള്‍ക്കുമിപ്പുറത്ത്,
ഉദയാസ്തമയങ്ങളുടെ നടുവിലൂടെയുള്ള
മഴനഞ്ഞ-ഇടനാഴികളില്‍,
ഒരുപാട് ചോദ്യങ്ങളുമായി നീയ്യും
ഒന്നും പറയാതെ ഞാനും...

എഴുതുന്ന കവിതകളൊക്കെ വായിച്ച്,
അതിലൊളിഞിരിക്കുന്ന
ആളൊഴിഞ്ഞ മൂലക്കുമതിനപ്പുറത്തും
വെറുതേയിരുന്നുറങ്ങുന്ന,
വൃദ്ധവിഷയങ്ങളെ ഉണര്‍ത്തുന്നു...
ഒരു പതിവാക്കിയതു നീയ്യും,
എല്ലാറ്റിനും സമ്മതം മൂളി ഞാനും

ശബ്ദങ്ങളാര്‍ദ്രമായെന്നു പറഞ്ഞപ്പൊഴൊക്കെ
തെല്ലകലെ മാറിനിനന്ന്,
കൊഞ്ഞനം കുത്തി, ഞാന്‍ കാണാതിരുന്ന
നേരം എന്നെ പ്രണയിച്ചതും...
എല്ലാമൊരു കളിയായി നീയ്യും,
അത്ത്രതന്നെ കാര്യമായി ഞാനും

നിനച്ചുനെയ്തുചിലതൊരശിരീരികണക്കെ
നീറഞ്ഞുനിന്നു, ഉയരുന്ന ചില
സ്പന്ദനക്കണികകളുടെ
നടുവില്‍,
അബദ്ധമായതു പുറത്തുപറയാതെ
കാല്പാടുമാത്രം ബാക്കിവച്ച് നീയ്യും
അതു കണ്ടുകൊണ്ട് കുറച്ചകലെ ഞാനും

പലപ്പൊഴും ഞാനിതോര്‍ക്കും
ചുമ്മാതെ കുറിച്ചിടും
സന്ധ്യക്ക്- കറങ്ങിനടക്കുമ്പോള്‍ മനസ്സിലിട്ട്
കറക്കും, പിന്നെ ചിരിക്കും..
എല്ലാം കഴിഞ്ഞൂ,
എവിടെയെന്നറിയാതെ,
എവിടെയോ പൊയ നീയ്യും,
ഇവിടമെവിടെയാണെന്നറിയാതെ ഞാനും....

Sunday, June 25, 2006

പ്രണയം...

വെറുതേ,
മനസ്സിന്റെ അരമതില്‍തൂണില്‍ ചാരിഞാനിരിക്കുമ്പോള്‍,
കുറുകേയിരിക്കുന്ന കാല്‍-വിരല്‍നഖങ്ങള്‍

മുഖത്തേക്കെറിയുന്ന നയനങ്ങളില്‍
ഒരു മൂഖസാക്ഷി...
പറയട്ടെ ഞാന്‍,
ഒരു ദീര്‍ഘനിശ്വാസമാണ് നീ...

സ്നേഹത്തിനൊരു ഭാഷ...(?)
പ്രേമത്തിനൊരു ഭാഷ...(?)
പ്രേമിക്കുന്നവര്‍‌ക്കായ് മറ്റൊരു ഭാഷ...(?)
ഭാഷകളന്യോന്യം കൈമാറാനൊരു ഭാഷ...(?)
ഇതിലേതാണ് നിങ്ങള്‍ക്കു മനസ്സിലാകാത്ത ഭാഷ?

ഇഷ്ട്പ്പെട്ടിരുന്നു ഞാന്‍
ഇപ്പോഴുമിഷ്ട്പ്പെടുന്നു ഞാ‍ന്‍.
പറഞ്ഞവാക്കിലെ നിസ്സാരവൃത്തങ്ങള്‍...
തിരഞ്ഞെടുത്തതോ ഒരു പാഴ്നിഘണ്ടു.
നിന്‍വിരല്‍തുമ്പിലെന്നാദ്യസ്പര്‍‌ശനം,
ഒരു കാലഘട്ടത്തോളം പിന്‍വലിച്ചു നിന്‍പാദാരവൃന്തങ്ങള്‍.

വര്‍ണ്ണങ്ങള്‍ മാറ്റിപ്പറയുന്നനിന്‍ കുസൃതിയില്‍
തുടങ്ങി മോഹത്തിന്‍ സങ്കീര്‍ണനിര്‍വൃതി.
നഷ്ട്പ്പെടുത്തിയിട്ടില്ല ഞാന്‍ സത്യം,
നീ തന്ന സ്നേഹത്തിന്‍ അലിഖിതനീയമങ്ങള്‍.
ആയിരംകാര്യങ്ങള്‍ക്കൊടുവില്‍നിന്‍പുഞ്ചിരി
കേടുപറ്റാതെ സൂക്ഷിക്കുന്നുഞാനിപ്പൊഴും...

മനസ്സെന്ന സഞ്ചിയൊന്നുറക്കെകരഞ്ഞാല്‍,
തെറിച്ചുപോകുന്ന തരിവളപ്പൊട്ടുകള്‍,
ഭാഷയറിയാത്ത മുതിര്‍‌ന്നവര്‍ക്കാ‍യ്
വെറുതെ സമര്‍പ്പിച്ച് സാമര്‍ത്ഥ്യം കാട്ടുന്നുമില്ല ഞാന്‍...

Saturday, June 24, 2006

റാഗിങ്ങ്

ഇന്ന് തവളച്ചാട്ടം
നാളെ കുതിരച്ചാട്ടം,
ഇന്ന് നിവര്‍ന്ന്, നാളെ വളഞ്ഞ്,
വിരലുകള്‍ മാറോടടുപ്പിച്ച്, പിടിക്കാതെയും...

അരാഷ്ട്രീയന്റെ സ്വകാര്യ വിഹാരം
പോമറേനിയന്റെ കളിപ്പന്തു പോലെ,
വിദ്യാഭ്യാസത്തിന്റെ ആദ്യത്തെയഭ്യാസം,
പച്ചമലയാളത്തിലിതുതന്നെയാണാഭാസം.

സ്രിഷ്ടി-സ്രോതസ്സ് തന്നെയാണിതിനുകാരണം
നനഞ്ഞിടം കുഴിച്ചുവളര്‍‌ന്നതുമാകാം
ആവേശങ്ങളെല്ലാമൊരു ലഡ്ഡുവിലൊതുക്കി
ആക്രമിക്കുന്നു, കരുത്തോടെ, ... കിതപ്പോടെ.

കോരന്റെ കുമ്പിളില്‍ കൈയ്യിട്ടുവാരുന്നു,
പഠനം മുടക്കുന്നു, പാവാട പൊക്കുന്നു.
വെട്ടനായ്ക്കളെപ്പൊലെ മേലോട്ട്ചാടുന്നു,
കഴൂത്തില്‍ കടിക്കുന്നു, പിന്നെ, വെറുതെ നടക്കുന്നു...പരൂക്ഷ ജയിക്കുന്നു

ഭയക്കുന്നു ഞാന്‍ നിന്നെ, പിന്നെ,
നീ എന്റെ നെഞ്ചത്തൂ വച്ചിരിക്കുന്ന ഈ കുഴലിനേയും.
നീ തരുന്ന തുള്ളി-മരുന്നിലുമുണ്ടോ?
അറിയില്ല...
ആ ലഡ്ഡുവിന്റെ അംശം???

Wednesday, June 21, 2006

നീ...

ധ്രതിയിലെഴുതിയ വരികള്‍ക്കൊടുവില്‍
നിഴലുമറഞൊരു വഴികള്‍ക്കൊടുവില്‍‌...

അമ്പിളി ചാഞൊരു നിളയുടെ കടവില്‍,
അമ്പലമുറ്റത്തരയാല്‍ തറയില്‍...

മാറിനു മുകളിലെ മറുകിന്നരികില്‍,
മന്ത്രണമോതിയ ചെവിയുടെ ചുവടില്‍...

മനസ്സുകളഞൊരു പാ‍തക്കരുകില്‍,
മൌനമലിഞൊരു രാവിന്‍ മടിയില്‍...

യാത്രൊക്കൊടുവിലെ കാഴ്ചക്കൊടുവില്‍,
വിരലുകളിഴുകിയതറിയാതൊടുവില്‍...

പഠനത്തിന്റെ പദങ്ങള്‍ക്കിടയില്‍,
പകുതി മയാങ്ങിയ മിഴികള്‍ക്കിടയില്‍...

അമ്മക്കറിയാത്തലമാരകളില്‍,
അന്തിയുറങ്ങും പീലിക്കിടിയില്‍...

ഊണിനിടക്കൊരു നാരിന്നിടയില്‍,
ഉണ്ടുമയങ്ങും കനവിന്നിടയില്‍...

കരിവണ്ടോടും വളകള്‍ക്കിടയില്‍,
കാലിലുറങ്ങും നൂപുരമുകളില്‍...

പ്രായത്തിന്റെ കിതപ്പിന്നിടയില്‍,
ഓര്‍മച്ചെപ്പിന്നടപ്പിന്നടിയില്‍...

വഴുതിയുടഞ്ഞൊരു പാട്ടിന്‍ വരിയില്‍,
വരികളറിയാതെഴുതിയ കഥയില്‍...

ഒരോ ചിന്തകളിലും ചലനങ്ങളിലും , എന്തിനു നിശ്വാ‍സങ്ങളില്‍ പോലും ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു...
മഞ്ഞുകണങ്ങള്‍ ഉരുകിയ നിമിഷങ്ങളില്‍....
ഞാന്‍...
അന്തിമയങ്ങിയ സന്ധ്യക്കൊടുവില്‍,
ഒടുവിലെഴുതിയ വരികള്‍ക്കൊടുവില്‍...വരികള്‍ക്കൊടുവില്‍.....
നിമിത്തം പോലെ...

പിക്സ് ലുകള്‍കിട് യിലൂടെ ഒരു യാത്ര...
ദേശാന്തരങ്ങള്‍കുമപ്പുറത്തേക്കു ഒഴുകി വരുന്ന ഈ വരികള്‍ നിങ്ങളെ തേടി വരുന്നവയാണു
നിങ്ങളെനിക്കു തന്ന സ്നേഹവായ്പ്പുകള്‍ മാത്രമാണ് ഇതിനു പ്രചോദനം...
എതോ വായനക്കാരന്റെ മനസിലേക്കു നടന്നടുക്കുന്ന ഈ വരികള്‍, സാങ്കേതികത സമ്മാനിച്ച സുഹ്രുത്തിനു സമ്മാനിക്കാം...നന്ദി പറയുന്നു സുഹ്രുത്തേ...
ശീര്‍‌ഷകങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഈ കാ‍ലത്ത് തലക്കുറിയില്ലാ‍തെ തുടങ്ങാം...