Friday, June 30, 2006

എന്റെ കൃഷ്ണേട്ടന്‍...

ചതുപ്പു നിലങ്ങളില്‍ ചവിട്ടാതെ, അതിനു മുകളില്‍ വരിവരിയായി പാകിയ കല്ലുകളില്‍ കാലമര്‍ത്തി,മുന്‍പോട്ട് പോകാന്‍ എനിക്ക് കൊതിയാണ്. കൃഷ്ണേട്ടനും ഇതുതന്നെയാണിഷ്ടം. എന്നെ വേളികഴിക്കണതിനു മുന്‍പ്, കൃഷ്ണേട്ടനെക്കണക്ക് ഒരാളെ ഞാന്‍ ഒരിക്കലും സങ്കല്പിച്ചിട്ടുണ്ടായിരുന്നില്ല. എന്തോ, ക്യാമ്പസ്സിലെ പ്രണയമില്ലായ്മ ആവാം കാരണം. പ്രണയം ഇല്ലായിരുന്നു എന്ന് തീര്‍ത്തും പറഞ്ഞുകൂടാ, എങ്കിലും, “എവിടെ നോക്കിയാലും കാണാം...” എന്ന് പറയണ മാതിരി ഒരാളെയും മനസ്സില്‍ കൊണ്ട് നടന്നിരുന്നില്ല.
കല്യാണം കഴിഞ്ഞ സമയത്ത് എനിക്ക് കൃഷ്ണേട്ടനെ ഒരുപാടിഷ്ടാരുന്നു. ഇപ്പോഴുമിഷ്ടമാണ് കേട്ടോ, എങ്കിലും, ഉണ്ണി വന്നതില്‍ പിന്നെ കൃഷ്ണേട്ടനെ ഇഷ്ട്പ്പെടാന്‍ തീരെ സമയമില്ലാണ്ടായിരിക്കണ്. മൂപ്പര്‍ക്കും സമയം തീരെ ഇല്ലാണ്ടായിരിക്കണ്. ഉണ്ണിയുടെ കളിപ്പാട്ടവും കരച്ചിലുകളും നല്ല വ്യത്യാസം ഉണ്ടാക്കിയിരിക്കണു ജീവിതത്തില്.
ചായകുടി കഴിഞ്ഞാല്‍ പത്രത്തിലേക്ക് കണ്ണും നട്ടിരിക്കും കൃഷ്ണേട്ടന്‍. ഞായറാഴ്ചകളില് തുണിയൊക്കെ കഴുകാന്‍ എടുക്കുമ്പോള്‍ പലപ്പോഴും കൃഷ്ണേട്ടന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍ നിന്നു മിഠായി കിട്ടാറുണ്ട്. എനിക്കുവേണ്ടി വാങ്ങിവരുന്നതാണത്ത്രേ! അതുകൂടി കൃഷ്ണേട്ടന്‍ മറക്കും. ചോദിക്കുമ്പോള്‍ ഒന്നും മിണ്ടില്ല, നില്‍ക്കുകയാണെങ്കില്‍ നെറ്റികൊണ്ട് എന്റെ നെറ്റിക്കൊരു മുട്ട് തരും. ചിരിച്ച് കൊണ്ട് അകത്തേക്ക് പോകുന്നതല്ലാതെ ഞാനൊന്നും പറയാന്‍ നിക്കില്ല.
എന്നെ മരമണ്ടീന്നു വിളിച്ച് കളിയാക്കും ചിലപ്പോള്‍. മേധ പട്കര്‍ ഒരു പലഹാരമാണെന്ന് ഞാന്‍ പറഞ്ഞത്രെ! വെറുതേ, ഇടക്ക് കൈയ്യീന്നിട്ട് എനിക്കിട്ടൊന്ന് വെക്കും ഈ കൃഷ്ണേട്ടന്‍.
പക്ഷെ, ഒന്നു പറയണമല്ലോ, എന്തിനും എന്റെ കൈയ്യൊന്ന് ചെല്ലണം. ഓഫിസ്സില് പോകാന്‍ നേരം സോക്സ് തപ്പിനടക്കും; വിളികേള്‍ക്കുമ്പോഴേ എനിക്കറിയാം.
ചിലപ്പോള്‍ ഞങ്ങള്‍ തന്നില്‍ പിണങ്ങും. മിണ്ടില്ല ഞാന്‍. ഓഫിസ്സിലെ കാര്യങ്ങള്‍ ഒക്കെ വന്നു പറയുമ്പോഴും അനങ്ങില്ല ഞാന്‍. ചായ എടുത്ത് മേശപ്പുറത്ത് വയ്ക്കും. ഷര്‍ട്ട് ഇസ്തിരിയിട്ട് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറയുമ്പോഴെ മൂപ്പര്‍ക്ക് എന്റെ പിണക്കം മനസ്സിലാകും. അത്തരം ദിവസങ്ങളിലൊക്കെ എന്റെ സ്വന്തം കൃഷ്ണന്‍‍ എന്നെ കാണാന്‍ വരും...
എനിക്കും ആ കൃഷ്ണണനെ ഒരുപാടിഷ്ടാ. ഓഫിസ്സും തിരക്കുമൊക്കെ ആയതുകൊണ്ടാവാം, മൂപ്പരേയും പലപ്പോഴും കാണാറില്ല.
“നന്ദിനീ‍... “ ദേ വിളിക്കണ്, കൃഷ്ണേട്ടന്‍ ഓഫിസ്സില്‍ നിന്നു വന്നിരിക്കണ്. ഇന്ന് ശമ്പളം കിട്ടിയ ദിവസമാണെ, മൂപ്പരു സന്തോഷത്തിലാണ്...ദേ, ഇന്ന് ചിലപ്പോള്‍ എന്റെ കൃഷ്ണന്‍ വരും...

7 Comments:

At 7:46 AM, Blogger ദില്‍ബാസുരന്‍ said...

പുറം മോടികളില്ലാത്ത യഥാര്‍ത്ഥ സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം. ആരും കൊതിച്ച് പോവുന്നതരത്തിലുള്ളത് . ലളിതം പക്ഷെ കാമ്പുള്ള പ്രമേയം. വളരെ നന്നായിരിക്കുന്നു. ശൈലിയും ഇഷ്ട്ടപ്പെട്ടു.

 
At 8:12 AM, Blogger കുറുമാന്‍ said...

നന്നായിരിക്കുന്നൂ തിരേ, അവസാന ഭാഗം തിരക്കില്‍ എഴുതിയതുപോലെയായി...അന്ത്യം ഒന്നുകൂടെ നന്നാക്കാമായിരുന്നു.

 
At 9:12 AM, Blogger ദിവ (diva) said...

കൃഷ്ണേട്ടനും കൃഷ്ണനും..... ഹ്..ം...

രണ്ടാമത്തെ കൃഷ്ണനെ വ്യംഗമാക്കുന്നതായിരുന്നില്ലേ ഒന്നു കൂടി ഭംഗി എന്നൊരു ശങ്ക. ഇനി ചിലപ്പോ എന്റെ തലയില്‍ മാത്രം തോന്നിയതായിരിക്കും.

 
At 3:34 AM, Blogger വക്കാരിമഷ്‌ടാ said...

വളരെ നന്നായിരിക്കുന്നു. ദില്‍‌ബാസുരന്റെ അഭിപ്രായം തന്നെ എനിക്കും. വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കൊള്ളാം.

 
At 3:42 AM, Blogger Appukkuttan said...

വളരെ ഹൃദ്യമായ ആഖ്യാനം.
കഥപറയാന്‍ നല്ല ശയ്‌ലി

പക്ഷേ ആദ്യതെ വാചകം,
-- "ചതുപ്പു നിലങ്ങളില്‍ ചവിട്ടാതെ , അതിനുമുകളില്‍ വരിവരിയായി......" ആകെയുള്ള structure -ഇല്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി തോന്നി . ( കഥയുടെ തുടക്കത്തിനു ഒരു സ്റ്റൈല്‍ തരാന്‍ ആ വാചകത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിലും.)

 
At 8:17 AM, Blogger thira said...

എല്ലാ comments നും വളരെ അധികം നന്ദി...
കുറുമാനെ, ദില്‍ബേ, വക്കാരീ, ദിവാ വളരെ നന്ദി..
അപ്പുക്കുട്ടാ, ഒരു സ്റ്റൈല്‍ എന്നേ ഉദ്ദേശിച്ചുള്ളു...
പക്ഷെ, ഒരു ചേരായ്മ ഊണ്ട് അല്ലേ...ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം...നന്ദി...

 
At 6:48 AM, Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

 

Post a Comment

Links to this post:

Create a Link

<< Home